കൊച്ചി: പാലാരിവട്ടം പാലം അതീവ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് പാലം ദുര്‍ബലമെന്ന് കണ്ടെത്തിയിരിക്കുന്നത്. പാലത്തില്‍ 2183 വിള്ളലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 99എണ്ണത്തിലും 3 മില്ലിമീറ്ററില്‍ കൂടുതല്‍ വലിപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ വിള്ളലുകള്‍ കൂടുതല്‍ വലുതാകുമെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ആര്‍ഡിഎസ് പണിത മറ്റ് പാലങ്ങളിലും പിഴവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. നിര്‍മ്മാണം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ കണ്ണൂരിലെ താവം, പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലങ്ങളിലും വിള്ളല്‍ കണ്ടെത്തിയിരുന്നു. പാലം അഴിമതിയെ തുടര്‍ന്ന് കരാറുകാരില്‍ നിന്ന് നാലരക്കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ആര്‍ഡിഎസ് പ്രോജക്ട്സ് എന്ന കമ്പനിയില്‍ നിന്നാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് പണം പിടിച്ചെടുത്തിരുന്നത്.
ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഗര്‍ഡറുകള്‍ക്കു താഴേക്കു വലിച്ചില്, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍, ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാതെയുള്ള നിര്‍മാണം എന്നിവയാണ് പാലാരിവട്ടത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായത്. പാലം അതീവ ഗുരുതരാവസ്ഥയിലെന്ന് ഇ ശ്രീധരനും പറഞ്ഞിരുന്നു.
Discussion about this post