ഹരിപ്പാട്: കാണാതായ വിലപ്പെട്ട രേഖകളടങ്ങിയ പഴ്സ് മൂന്നുവര്‍ഷത്തിന് ശേഷം തിരിച്ച് കിട്ടി. ബഹ്റൈനില്‍ ജോലിചെയ്യുന്ന കാസര്‍കോട് സ്വദേശി രാജന്റെ കളഞ്ഞുപോയ പഴ്സാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയത്. പഴ്സില്‍ ഗള്‍ഫിലെ വര്‍ക്ക് പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ വിലപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരുന്നു.
കൊല്ലം പെരുമ്പുഴയില്‍ താമസിക്കുന്ന പ്രവാസിയായ രാജന് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഓച്ചിറ, ഹരിപ്പാട്, മണ്ണാറശാല, ചക്കുളത്തുകാവ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. കുറേ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുളക്കടവിന് സമീപത്തുനിന്ന് സ്കന്ദഷഷ്ഠി ദിനമായ ശനിയാഴ്ച രാവിലെയാണ് പഴ്സ് കിട്ടിയത്. പഴ്സിന്റെ പുറംകവറില്‍ അഴുക്കുപിടിച്ചിട്ടുണ്ടെങ്കിലും രേഖകളെല്ലാം സുരക്ഷിതമായിരുന്നു. എന്നാല്‍ ഇത്രയും കാലം മണ്ണില്‍ കിടന്നിട്ടും രേഖകള്‍ക്കൊന്നും സംഭവിക്കാതിരുന്നതിനാല്‍ മറ്റാരെങ്കിലും പഴ്സ് ക്ഷേത്രത്തില്‍ കൊണ്ടിട്ടതാകാമെന്നാണ് കരുതുന്നത്.
ക്ഷേത്രത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ഹരിപ്പാട്ടെ എമര്‍ജന്‍സി റെസ്ക്യു ടീമിലെ അംഗങ്ങള്‍ക്കാണ് പഴ്സ് കിട്ടിയത്. തുടര്‍ന്ന് രേഖകളിലെ വിവരങ്ങള്‍ വെച്ച് രാജന്റെ ഫോണ്‍ നമ്പര്‍ ലഭിച്ച ശേഷം പഴ്സ് കിട്ടിയ വിവരം വിളിച്ചറിയിക്കുകയായിരുന്നു. രാജന്റെ ഭാര്യ ശോഭ ഞായറാഴ്ച ഹരിപ്പാട്ടെത്തി ദേവസ്വം ഉദ്യോഗസ്ഥരില്‍ നിന്ന് പഴ്സ് ഏറ്റുവാങ്ങി.
Discussion about this post