വാളയാര്‍; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളിയുടെ ഉപവാസ സമരം ഇന്ന്

ഉപവാസ സമരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്. പെണ്‍കുട്ടികളുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. രാവിലെ ഒമ്പത് മണി മുതല്‍ ആറ് മണി വരെയാണ് ഉപവാസം. ഉപവാസ സമരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടിരുന്നു. ഇന്ന് കെസി വേണുഗോപാല്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയേക്കും. അതേസമയം നാളെ പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം.

പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും സമരം ശക്തമാക്കിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഇന്നലെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

Exit mobile version