കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ സൂക്ഷിച്ചതിന് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഎമ്മിനെ പരിഹസിച്ചും വിമർശിച്ചും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. സിപിഎം പ്രവർത്തകരായ യുവാക്കൾക്കു നിയമസഹായം നൽകില്ലെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെ പരിഹസിച്ചാണ് വിഷ്ണുനാഥ് രംഗത്തെത്തിയത്.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖ വിതരണം ചെയ്യുക, ചുവന്നകൊടി മുറിയിൽവെക്കുക, പുസ്തകം വായിക്കുക, സിപിഎം ഭരണഘടന വീട്ടിൽ സൂക്ഷിക്കുക, ചിന്തയുടെ പ്രസിദ്ധീകരണങ്ങൾ വാങ്ങിക്കൂട്ടുക തുടങ്ങിയ കൊടുംക്രൂര കൃത്യങ്ങൾ ചെയ്തവരാണിവർ. അവർക്ക് ഒരു സഹായവും നൽകരുതെന്ന് വിഷ്ണുനാഥ് വ്യക്തമാക്കി.
കൊടിസുനി, കിർമാണി മനോജ്, കുഞ്ഞനന്തൻ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തകർക്കുവേണ്ടി പാർട്ടി നിയമസഹായം നൽകിയതിന്റെ ഓർമയിലാണു കീഴ്ഘടകങ്ങൾ ഇങ്ങനെയെല്ലാം ആവശ്യപ്പെടുന്നത്. അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ മാത്രം മതിയെന്നും വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ്:
യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവർത്തകരായ വിദ്യാർഥികൾക്ക് നിയമസഹായം നൽകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വായിച്ചു. ഒരിക്കലും നൽകരുത്. കമ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖ വിതരണം ചെയ്യുക, ചുവന്ന കൊടി മുറിയിൽവെക്കുക, പുസ്തകം വായിക്കുക, സിപിഎം ഭരണഘടന വീട്ടിൽ സൂക്ഷിക്കുക, ചിന്തയുടെ പ്രസിദ്ധീകരണങ്ങൾ വാങ്ങിക്കൂട്ടുക തുടങ്ങിയ കൊടുംക്രൂരകൃത്യങ്ങൾ ചെയ്തവരാണിവർ. അവർക്ക് ഒരു സഹായവും നൽകരുത്.
കൊടിസുനി, കിർമാണി മനോജ്, കുഞ്ഞനന്തൻ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തകർക്കുവേണ്ടി പാർട്ടി നിയമസഹായം നൽകിയതിന്റെ ഓർമയിലാണ് കീഴ്ഘടകങ്ങൾ ഇങ്ങനെയെല്ലാം ആവശ്യപ്പെടുന്നത്. അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ മാത്രം മതി; ഇവിടെ പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെന്ന കാര്യംകൂടി അവരെ പ്രത്യേകം മനസ്സിലാക്കിക്കുക.
Discussion about this post