തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി പരിഹരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് അനുകൂല സംഘടനകളിൽ അംഗങ്ങളായ ജീവനക്കാർ നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാൽ സിഐടിയു, എഐടിയുസി, ബിഎംഎസ്, എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ സർവീസുകൾ വ്യാപകമായി മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. പണിമുടക്കിൽ ഡയസ്നോൺ ബാധകമായി കെഎസ്ആർടിസി ഉത്തരവിറക്കിയിട്ടുണ്ട്.
അതേസമയം സർവീസുകൾ മുടങ്ങുന്ന രീതിയിലുള്ള സമരങ്ങൾ ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ അപേക്ഷിച്ചു. രണ്ട് വർഷംകൊണ്ട് കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കുമെന്നും ആയിരം ബസുകൾ ഓരോ വർഷവും നിരത്തിലിറക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 1000 ബസുകൾക്ക് പകരം 101 ബസ് മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ട് തവണയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ഈ മാസം എന്ന് ശമ്പളം നൽകുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും സർക്കാർ കെഎസ്ആർടിസി ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത് എന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.
എന്നാൽ കെഎസ്ആർടിസി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ തൊഴിലാളികൾ സഹകരിക്കണം എന്നാണ് സർക്കാരിന്റെ ആവശ്യം.
Discussion about this post