തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍, ജീവനക്കാരെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്കുന്നത്.
പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഭരണാനുകൂല സംഘടനകളും ബിഎംഎസ് അനുകൂല സംഘടനയും പണിമുടക്കില്‍ പങ്കെടുക്കില്ല.
കഴിഞ്ഞ മാസം രണ്ടു തവണയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ഈമാസം എന്ന് ശമ്പളം നല്‍കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ശമ്പള പരിഷ്കരണം നടപ്പിലായില്ല. ഡിഎ കുടശ്ശിക നല്‍കിയിട്ടില്ല. ആയിരം ബസ്സുകള്‍ ഓരോ വര്‍ഷവും പുതുതായി നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 101 ബസ്സുകള്‍ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത്. വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകാര്യവത്കരണത്തിനു വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു.
അതെസമയം സര്‍വീസുകള്‍ മുടങ്ങുന്ന സമരരീതി ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ സഹകരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
Discussion about this post