തൃശ്ശൂർ: സാധാരണക്കാരുടെ പോക്കറ്റടിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഉള്ളി വാങ്ങിക്കുക എന്നത് ആഡംബരമായി മാറുന്ന കാലം വിദൂരമല്ലെന്നാണ് വിലവിവരപ്പട്ടിക സൂചിപ്പിക്കുന്നത്. ചെറിയ ഉളളി, വെളുത്തുള്ളി, സവാള എന്നിവയുടെ വിലയാണ് ഏറ്റവും കൂടിയത്. ഇവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ കൃഷി നാശവും മോശം കാലാവസ്ഥയുമാണ് കേരളത്തിന് തിരിച്ചടിയായത്.
ഒരാഴ്ചക്കിടെ ചെറിയ ഉള്ളിയുടെ വില 25 രൂപയോളം ഉയർന്ന് കിലോയ്ക്ക് എഴുപത് തൊട്ടു.സവാളയും വിലയിൽ പിന്നിലേക്കില്ല. രണ്ടു ദിവസം കൊണ്ട് കിലോയ്ക്ക് 45-ൽ നിന്ന് 60 ലേക്ക് ഉയർന്നു. വെളുത്തുള്ളി ഡബിൾ സെഞ്ച്വറി അടിക്കാനായി ഒരുങ്ങി നിൽക്കുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. വെളുത്തുള്ളി കിലോയ്ക്ക് 190 രൂപ വരെ എത്തി.
ഉരുളകിഴങ്ങ് വില നാൽപത് കടന്നു. ഒപ്പം തക്കാളിയും മോശമല്ലാത്ത വിലക്കയറ്റം സൂചിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് വിലക്കയറ്റത്തിനു കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. കാലംതെറ്റി പെയ്യുന്ന മഴയാണ് പ്രധാന കാരണം. ഇപ്പോൾ ഉണ്ടായ വിലവർധന നീണ്ടുനിൽക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
Discussion about this post