കോഴിക്കോട്: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗര മാവോയിസ്റ്റുകളാണെന്ന് പോലീസ്. യുഎപിഎ ചുമത്തിയതില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ന്യായീകരിച്ച് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവേ ഒരാള്‍ ഓടി രക്ഷപ്പെട്ടതായും, മാവോയിസ്റ്റ് ബന്ധമുള്ള കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
അതിനിടെ അറസ്റ്റിലായ അലന് നിയമ സഹായം നല്‍കാന്‍ സിപിഎം തീരുമാനിച്ചു. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. നേരത്തെ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. നിയമ വിദ്യാര്‍ത്ഥിയാണ് അലന്‍. ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് താഹ. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരുടേയും നീക്കങ്ങള്‍ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.
Discussion about this post