കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കല്ലുത്താന്‍കടവിലെ നൂറിലധികം വരുന്ന കുടുംബങ്ങള്‍ ഇനി ഫ്ളാറ്റിന്റെ സുരക്ഷിതത്വത്തിലേക്ക്. നാല് പതിറ്റാണ്ടിലേറെ ദുരിത ജീവിതം നയിച്ച അവര്‍ ആധുനിക സജ്ജീകരണങ്ങളോടെ സര്‍ക്കാര്‍ പണിത ഫ്ളാറ്റില്‍ ഇന്ന് മുതല്‍ അവര്‍ അന്തിയുറങ്ങും. കല്ലുത്താന്‍കടവ് ഫ്ളാറ്റ് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു.
ലിഫ്റ്റ്, ഗ്യാസ് കണക്ഷന്, വൈദ്യുതി ഇല്ലാത്ത സാഹചര്യത്തില്‍ ജനറേറ്റര്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിങ്ങനെ 6,905 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ എട്ട് നിലകളിലായാണ് ഫ്ളാറ്റ്. ഒരു ഭവന യൂനിറ്റിന് 30.65 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്.
ഇതില്‍ ഒരു കിടപ്പുമുറി, അടുക്കള, ഒരു വലിയ ഹാള്‍, ഒരു ടോയ്ലറ്റ് എന്നിവയാണുള്ളത്. ഓരോ യൂനിറ്റിനും പ്രത്യേകമായി വെളളവും വൈദ്യുതിയുമുണ്ട്. വികലാംഗര്‍, കിടപ്പുരോഗികള്‍, 70 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഫ്ളാറ്റിന്റെ താഴെ നിലയാണ് അനുവദിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് നറുക്കെടുപ്പിലൂടെയാണ് ഭവനങ്ങള്‍ അനുവദിച്ച് നല്‍കിയത്.
സംസ്ഥാനം വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സമയത്ത് ഇത്രയും വലിയ ഫ്ളാറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് കൈക്കൊണ്ട നടപടി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
Discussion about this post