തിരുവനന്തപുരം: പ്രാര്‍ത്ഥനകളും ചികിത്സയും സഫലമാകുന്നു. നീതു വീണ്ടും ജീവിതം തിരിച്ചുപിടിക്കുകയാണ്. അബൂദാബിയില്‍ വച്ച് അപൂര്‍വ രോഗം പിടിപെട്ട് ദുരിതത്തിലായിരുന്ന തിരുവനന്തപുരം സ്വദേശി നീതു ശ്രീചിത്ര മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.
ഓട്ടോ ഇമ്യൂണ്‍ എന്‍സഫാലിറ്റിസെന്ന രോഗം ബാധിച്ച നീതു ഏഴ് മാസത്തോളം അബുദാബി ഷൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് നീതുവിന് തിരുവനന്തപുരത്ത് ചികിത്സ ഉറപ്പാക്കിയത്.
21 ദിവസം ശ്രീ ചിത്രയില്‍ സര്‍ക്കാര്‍ ചെലവിലായിരുന്നു ചികിത്സ. ഇനി മൂന്ന് മാസം ദിവസവും ആശുപത്രിയില്‍ എത്തിച്ച് തുടര്‍ ചികിത്സ തേടണം. ഇതിനായി ആശുപത്രി പരിസരത്ത് തന്നെ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ് നീതുവിന്റെ കുടുംബം
സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തു തന്നു. ചികിത്സാ ചെലവടക്കം സര്‍ക്കാരാണ് ചെയ്തു തന്നത്. കേരളത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി സഹായങ്ങള്‍ ലഭിച്ചു. കൂടാതെ, നീതുവിന്റെ ദുരിതാവസ്ഥ അറിഞ്ഞ് സഹായവും പ്രാര്ത്ഥനയുമായിഒപ്പം നിന്നവര്‍ക്കെല്ലാം ഹൃദയപൂര്‍വം നന്ദി പറയുകയാണ് നീതുവും അമ്മ ബിന്ദുവും.
അരയ്ക്ക് താഴെ ചലനം നഷ്ടമായ നീതുവിന് ആരെയും തിരിച്ചറിയാനാകുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഓര്മ പതിയെ തിരികെ പിടിക്കുയാണ് നീതു. വെന്റിലേറ്റര്‍ സഹായത്തോടെ ആയിരുന്നു നാല് മാസം നീതു ജീവന് നിലനിര്‍ത്തിയിരുന്നത്.
വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പാണ് നീതുവിന് അപൂര്‍വ രോഗം പിടിപ്പെട്ടത്. സന്ദര്‍ശകവിസയില്‍ അമ്മയെ കാണാന്‍ അബുദാബിയിലെത്തിയപ്പോഴായിരുന്നു രോഗം പിടിപ്പെട്ടത്. സെപ്റ്റംബര്‍ പതിനെട്ടിനാണ് ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വാര്‍ത്ത പുറത്തുവന്നത്.
തുടര്‍ന്ന്, ഗള്‍ഫ് പര്യടനത്തിനെത്തിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രി ഇ പി ജയരാജനും ആശുപത്രിയില്‍ നേരിട്ടെത്തുകയും നീതുവിനെ തിരുവനന്തപുരത്ത് എത്തിച്ച് ചികിത്സ നടത്താനുള്ള സഹായം ഉറപ്പാക്കുകയുമായിരുന്നു.
Discussion about this post