തൃശ്ശൂര്‍: മതസൗഹാര്‍ദത്തില്‍ വാഴുന്നവരാണ് നാം മലയാളികള്‍. അതിനെല്ലാം തെളിവാണ് പ്രളയകാലത്തെ ഒത്തൊരുമ. നാട് ഭിന്നിപ്പിക്കാന്‍ പല ശക്തികളും ശ്രമം നടത്തുന്നുണ്ടെങ്കിലും അവയൊന്നും ചെവികൊള്ളാതെ മുന്നോട്ട് പോകുന്ന തലമുറയാണ് നമ്മുടെ കൊച്ചു കേരളത്തില്‍ ഉള്ളത്. പ്രളയകാലത്തെ ഒത്തൊരുമ വിട്ടു പോയി എന്ന് പറഞ്ഞാലും മനസിലെ നന്മ മറക്കാത്തവരാണ് നാം. അതിന് തെളിവാണ് കുന്നുംകുളത്തെ മതസൗഹാര്‍ദം. നബിദിനവും അയപ്പ ദേശവിളക്കും ഒരേ ദിവസത്തില്‍ വന്നത് ഒന്നിച്ചു നിന്ന് ആഘോഷിക്കുകയാണ് ഇവിടുത്തുകാര്‍.
കുന്നംകുളം പോര്ക്കളേങ്ങാട്ടുകാര് ആണ് ഇക്കുറി നബിദിനവും അയ്യപ്പന് വിളക്കും ഒരുമിച്ച് ആഘോഷിക്കുന്നത്. മണ്ഡല മാസാരംഭത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് പോര്‍ക്കളേങ്ങാട് അയ്യപ്പക്ഷേത്രം ഭാരവാഹികള്‍ വൈദ്യുത ദീപാലങ്കാരം നടത്തിയപ്പോള്‍ എതിര്‍വശത്തുള്ള മുസ്ലീം പള്ളിയും അലങ്കരിക്കാന്‍ മറന്നില്ല. കാരണം ദേശവിളക്കിനൊപ്പം ആഘോഷപൂര്‍വ്വം നബിദിനവും കൊണ്ടാടുവാനായി. ഇവിടെ മുസ്ലീം പള്ളിയും ക്ഷേത്രവും മുഖാമുഖമാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന് തന്നെ തസൗഹാര്ദത്തിന്റെ മഹനീയ മാതൃകയാവുകയാണ് കുന്നംകുളം.
ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ആണ്ട് നേര്‍ച്ചക്ക് പള്ളിക്കൊപ്പം അമ്പലവും ദീപാലംകൃതമാവും. അയ്യപ്പന് വിളക്കും നബിദിനവും അറിയിക്കുന്ന ബോര്‍ഡുകളും ഒരുമിച്ചെഴുതി ഇരു മതിലുകളിലും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രകമ്മിറ്റിയുടെ പ്രസാദ ഊട്ടിലും മഹല്ലിലെ നബിദിന നേര്‍ച്ചസദ്യയിലും ഇരുകൂട്ടരും പങ്കെടുക്കുമെന്നതാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നത്. അമ്പലത്തില്‍ നിന്നുയരുന്ന ശരണ മന്ത്രവും പള്ളിയില്‍ നിന്നുയരുന്ന ബാങ്ക് വിളിയും നബിവചനങ്ങളും ഒന്നായി ഒഴുകിയെത്തുന്നത് ഇവിടുത്തുകാര്‍ക്ക് പുതുമയല്ല. അത് കാതിലും മനസിലും അലയടിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
Discussion about this post