ഭോപ്പാല്‍; പാമ്പുകടിയേറ്റ് ചികിത്സതേടിയെത്തിയ രോഗിക്ക് ആശുപത്രിയില്‍ വെച്ച് മന്ത്രവാദ ചികിത്സ. മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയിലാണ് സംഭവം. പാമ്പിന്റെ കടിയേറ്റ് ചികിത്സ തേടിയ യോഗേന്ദ്ര സിങ് രാഥോറി എന്നയാള്‍ക്കാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മന്ത്രവാദ ചികിത്സ നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമായി.
പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ യോഗേന്ദ്ര സിങിന് 20 മിനിറ്റോളം നേരമാണ് മന്ത്രവാദ ചികിത്സ നല്‍കിയത്. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പടെ ഒരുകൂട്ടം പേര്‍ നോക്കി നില്‍ക്കെയാണ് ആര്യവേപ്പിന്റെ ഇല കൊണ്ട് കര്‍മങ്ങള്‍ നടത്തിയത്.
യോഗേന്ദ്ര സിങ് രാഥോറിനെ രക്ഷിക്കാനാണ് താന്ത്രിക് പുരുഷോത്തം ബൈര്വ പൂജകര്‍മങ്ങള്‍ നടത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. സ്‌ട്രെച്ചറില്‍ ഡ്രിപ്പിട്ട് കിടക്കുകയായിരുന്നു യോഗേന്ദ്ര സിങ്. സംഭവം അറിഞ്ഞ് പ്രദേശത്തെ മാധ്യമപ്രവര്‍ത്തകന്‍ സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
മന്ത്രവാദ ചികിത്സയില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രോഗി പരാതി പറഞ്ഞതോടെ മന്ത്രവാദി സ്ഥലം വിട്ടു. എന്നാല്‍ തന്റെ ചികിത്സ കൊണ്ടാണ് രോഗി രക്ഷപ്പെട്ടത് എന്നാണ് ഇയാള്‍ പറയുന്നു.
സംഭവത്തില്‍ വിശദ്ദമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Discussion about this post