മനഃപൂര്‍വം തള്ളിയിട്ടതല്ലല്ലോ, അവരോടു ക്ഷമിക്കാം; കോണ്‍ഗ്രസ് നേതാക്കളോട് സേതുക്കുട്ടിയമ്മ, ഒത്തുതീര്‍പ്പാക്കിയ വിവരം അറിയാതെ പോലീസ്, അമ്മ ക്ഷമിച്ചാലും കേസ് നിലനില്‍ക്കും

പ്രതിഷേധത്തിനിടയില്‍ നിലത്ത് വീണ് വഴിയാത്രക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ മന്ത്രി എകെ ബാലനെതിരെയും കടുത്ത രീതിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധത്തിനിടയില്‍ നിലത്ത് വീണ് വഴിയാത്രക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. പൗഡിക്കോണം സ്വദേശി സേതുക്കുട്ടിയമ്മ (66)യ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ സേതുക്കുട്ടിയമ്മ തള്ളിവിട്ടവരോട് ക്ഷമിച്ചിരിക്കുകയാണ്. ‘മനഃപൂര്‍വം തള്ളിയിട്ടതല്ലല്ലോ, അവരോടു ക്ഷമിക്കാം’ എന്നാണ് സേതുക്കുട്ടിയമ്മ പറഞ്ഞത്. ക്ഷമ ചോദിച്ച് വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കളോടാണ് താന്‍ ക്ഷമിക്കാം എന്ന് അറിയിച്ചത്.

പരാതി ഇല്ലെന്നു സേതുക്കുട്ടിയമ്മ അറിയിച്ചതായി കെഎസ്യു നേതാവ് കല്ലമ്പലം നബീല്‍ പറഞ്ഞു. എന്നാല്‍ സേതുക്കുട്ടിയമ്മ ക്ഷമിച്ചാലും കേസില്‍ നിന്ന് ഊരിപോരാന്‍ നേതാക്കള്‍ക്ക് കഴിയില്ല. കാരണം ഒരു കൂട്ടം ആളുകള്‍ തള്ളിയിട്ട് കൈയ്യൊടിച്ചെന്നാണ് സേതുക്കുട്ടിയമ്മ പോലീസിന് നല്‍കിയ മൊഴി. ഇതാണ് ഇപ്പോള്‍ കുരുക്കായത്. പരാതി ഉണ്ടെന്ന് അറിയിച്ചതോടെ കെഎസ്‌യു നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തെന്നും പ്രശ്‌നം പരിഹരിച്ച വിവരം അറിയില്ലെന്നും മ്യൂസിയം എസ്‌ഐ പറഞ്ഞു. ഇന്നലെ രാവിലെ എട്ടിനു മ്യൂസിയം റോഡില്‍ കോര്‍പറേഷന്‍ ആസ്ഥാനത്തിനു മുന്നിലായിരുന്നു കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവിടെ അപേക്ഷ നല്‍കാന്‍ എത്തിയതായിരുന്നു അവര്‍. ഫുട്പാത്തിലൂടെ നീങ്ങുന്നതിനിടെയാണ് ഇവരെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ ചാടിയിറങ്ങിയത്.

Exit mobile version