പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ പോലീസ് ഏകപക്ഷീയമായി വേട്ടയാടി കൊലപ്പെടുത്തിയെന്ന ആരോപണവുമായി സിപിഐ. പോലീസ് പുറത്തുവിട്ട ഏറ്റുമുട്ടൽ ദൃശ്യങ്ങൾ വ്യാജമാണെന്നും സിപിഐ അസിസ്റ്റൻറ് സെക്രട്ടറി കെ പ്രകാശ് ബാബു ആരോപിച്ചു. മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ കസ്റ്റഡിയിലിരിക്കെയാണ് വെടിവെച്ചു കൊന്നത്. ഏകപക്ഷീയമായ വെടിവെപ്പാണ് നടന്നത്. ആക്രമണ പ്രത്യാക്രമണമൊന്നും അവിടെ നടന്നിട്ടില്ലെന്നും പ്രകാശ് ബാബുപറഞ്ഞു.
പോലീസിന്റെ വീഡിയോ വ്യാജമാണെന്ന് കണ്ടാൽ മനസിലാകും. വെടിവെപ്പ് നടക്കുമ്പോൾ എല്ലാവരും നിലത്ത് കിടക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. അപ്പോൾ ആരാണ് എഴുന്നേറ്റ് നിന്ന് വീഡിയോ പകർത്തിയതെന്ന് വ്യക്തമാക്കണം. ദൃശ്യങ്ങൾ കണ്ടാൽ തന്നെ അസ്വാഭാവികത വ്യക്തമാകുമെന്ന് പ്രകാശ് ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസം മഞ്ചക്കണ്ടി മേഖല സന്ദർശിച്ച സിപിഐ സംസ്ഥാന പ്രതിനിധി സംഘം നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വാദിച്ചിരുന്നു. സ്ഥലം സന്ദർശിച്ചും പ്രദേശവാസികളുമായി ആശയവിനിമയം നടത്തിയും ബോധ്യപ്പെടുന്നത് ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംഘം മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് വിധികർത്താക്കളായി മാറുന്ന രീതി പ്രാകൃതമാണ്. സംഭവിച്ചതെന്താണെന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തവും കടമയും ഇടതുപക്ഷ സർക്കാറിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ഭാഷ്യം ആവർത്തിക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്ന് പറഞ്ഞ പ്രതിനിധി സംഘം മജിസ്റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും വിഷയത്തിൽ തൃപ്തികരമല്ലെന്ന് വ്യക്തമാക്കി.
അട്ടപ്പാടിയിൽ നടന്നത് ഭരണകൂട ഭീകരതയാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി പ്രസാദും പ്രതികരിച്ചു. പോലീസ് പദ്ധതിയിട്ട് തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇകെ വിജയൻ, മുഹമ്മദ് മുഹ്‌സിൻ, പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Discussion about this post