തിരുവനന്തപുരം: റേഷനിങ് സമ്പ്രദായത്തില്‍ അടിമുടി അഴിച്ചു പണി. റേഷന്‍ കട നടത്തുവാന്‍ ഇനി പത്ത് പാസാകാത്തവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. പത്താം ക്ലാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിദ്യാസമ്പന്നരായ തൊഴില്‍രഹിതര്‍ക്കും വിമുക്തഭടന്മാര്ക്കുമായിരിക്കും മുന്‍ഗണന നല്‍കുന്നത്. സ്വയം സഹായസംഘങ്ങള്‍, വനിതാ സംഘങ്ങള്‍, പഞ്ചായത്തുകള്‍, സഹകരണ സൊസൈറ്റികള്‍ എന്നിവയ്ക്കും അവസരം നല്‍കും.
21 വയസ് തികഞ്ഞാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയൊള്ളൂ. കൂടാതെ 60 വയസു കഴിഞ്ഞാല്‍ ലൈസന്‍സ് നല്കുകയുമില്ല. നിലവിലുള്ള അനന്തരാവകാശ നിയമം തടയാനാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമില്ലാത്തവരെയും പരിഗണിക്കില്ല. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം തുടര്‍ന്നും നല്‍കും. എന്നാല്‍, അവശ്യസാധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കില്ല.
കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രോത്സാഹനം, വിപണനം, ഉപഭോക്തൃ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കും സൊസൈറ്റികള്‍ക്ക് ലൈസന്‍സ് നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള സൗകര്യവും കണക്കിലെടുക്കും. 1966-ലെ റേഷനിങ് ഓര്‍ഡര്‍ പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തിയ കരടിലാണ് അഴിച്ചുപണി നടക്കുന്നത്. കരട് സംബന്ധിച്ച് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 15 ദിവസം അനുവദിച്ചിട്ടുണ്ട്.
Discussion about this post