കോട്ടയം: സംസ്ഥാനത്തെ പൊതു വിപണിയില്‍ എത്തുന്ന സുഗന്ധ വ്യഞ്ജനങ്ങളില്‍ 50 ശതമാനം അനുവദനീയമായതില്‍ കൂടുതല്‍ വിഷാംശമുള്ളതായി കണ്ടെത്തി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം 2019 ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഭക്ഷ്യോല്പന്നങ്ങില് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പച്ചക്കറികളില്‍ നടത്തിയ പരിശോധന നടത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരിനെ സമര്‍പ്പിച്ചിരുന്നു.
കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്. അതേസമയം ഏലം, അരി, ഗോതമ്പ്, കുരുമുളകില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്പ് എന്നിവയിലും ഇല്ലെന്നത് ആശ്വാസമാണ്. വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്.
ബീറ്റ്റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, ചേമ്പ്, കപ്പ, മല്ലിയില, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഓറഞ്ച്, മാതളം, തണ്ണിമത്തന്, പേരയ്ക്ക, കൈതച്ചക്ക, മല്ലിപ്പൊടി, ഉലുവ എന്നിവയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയില്ല. കൃഷി വകുപ്പിന്റെ ധന സഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ‘സേഫ് ടു ഈറ്റ്’ പദ്ധതിയില്‍ നടത്തിയ 46-ാമത് പഠനമാണിത്.