തൊടുപുഴ: കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് പുറത്താക്കിയ അധ്യാപികയെ പോകാന്‍ അനുവദിക്കാതെ കുട്ടികള്‍. പോകരുതേ ടീച്ചര്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് തേങ്ങിക്കരയുകയായിരുന്നു കുരുന്നുകള്‍. കരിങ്കുന്നം ഗവണ്മെന്റ് എല്‍പി സ്കൂളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്കൂളിലെ താല്‍ക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെആര്‍ അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു.
കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് വ്യാഴാഴ്ച പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമൃതയെ സ്കൂളില്‍ നിന്ന് പുറത്താക്കിയത്. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പിഎസ് ഗീതയും താല്‍ക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതല്‍ ജോലിക്കു വരേണ്ടെന്നും സ്കൂള്‍ അധികൃതര്‍ അമൃതയെ അറിയിച്ചത്. ശേഷം അമൃത പൊട്ടിക്കരഞ്ഞു. കുട്ടികള്‍ കൂടി പോകരുതെന്ന് അപേക്ഷിച്ച് കരഞ്ഞു വന്നതോടെ സങ്കടത്തിന്റെ ആക്കം കൂട്ടി.
ടീച്ചര്‍ പോകരുതെന്നു പറഞ്ഞ് കുട്ടികള്‍ വളഞ്ഞതോടെ അമൃത ക്ലാസില്‍ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്കൂളിലെ ചില അധ്യാപികമാര്‍ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിക്കുകയും ചെയ്തു. ഈ സമയം ചില പിടിഎ അംഗങ്ങള്‍ സ്കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അധിക്ഷേപത്തില്‍ മനംനൊന്ത് കരഞ്ഞുകൊണ്ട് അമൃത സ്കൂളിന് പുറത്തേയ്ക്ക് ഓടിപ്പോയതോടെയാണ് കുട്ടികളും പിന്നാലെ പോയത്.
ഒരിക്കല്‍ പോലും ടീച്ചര്‍ തല്ലിയിട്ടില്ലെന്നു കുട്ടികള്‍ കരഞ്ഞുകൊണ്ട് പറയുകയും ചെയ്തു. അധ്യാപക സംഘടനയിലെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും മനഃപൂര്‍വം പരാതികള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്ന് അമൃത പറയുന്നു. സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് സംഘടനയിലെ അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.
Discussion about this post