അനില്‍ രാധാകൃഷ്ണമേനോന്‍ അച്ഛനാണെന്ന് ഗൂഗിള്‍: ഗൂഗിള്‍ കാരണം എട്ടിന്റെ പണി കിട്ടിയത് യുവനടന്, യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജിത് മേനോന്‍

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ എട്ടിന്റെ പണി കിട്ടിയത് മറ്റൊരു നടനായ രജിത് മേനോനാണ്. അനില്‍ രാധാകൃഷ്ണമേനോന്‍ രജിത്തിന്റെ അച്ഛനാണെന്ന് ഗൂഗിള്‍ പറഞ്ഞതോടെയാണ് വിനയായത്.

സ്വയം അപമാനം ഏല്‍ക്കേണ്ടി വന്നത് വ്യക്തമാക്കി രജിത് ഫേസ്ബുക്കില്‍ പറയുന്നു.
അനില്‍ രാധാകൃഷ്ണനെ സംവിധായകനായി മാത്രമേ അറിയൂ എന്നും മറ്റൊരു ബന്ധവും താനുമായില്ലെന്നും രജിത് പറയുന്നു. അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്. ഗൂഗിള്‍ അല്ലെങ്കില്‍ വിക്കിപീഡിയ പറയുന്നതുപോലെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അല്ല രജിത് കുറിപ്പില്‍ പറയുന്നു.

ഗോള്‍, ജനകന്‍, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് രജിത് മേനോന്‍

‘ഹായ് സുഹൃത്തുക്കളെ. ഇത് എന്റെ പിതാവിന്റെ പേരില്‍ ലജ്ജ തോന്നുന്നു എന്നും പറഞ്ഞു ഇന്നലെ മുതല്‍ എന്നെ മെസേജ് ചെയ്യുന്ന എല്ലാവരോടും കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു പോസ്റ്റ് മാത്രമാണ്. എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്. ഗൂഗിള്‍ അല്ലെങ്കില്‍ വിക്കിപീഡിയ പറയുന്നതുപോലെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അല്ല. എനിക്ക് അനില്‍ സാറുമായി ഒരു ബന്ധവും ഇല്ല, ഞാന്‍ അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയുകയും ഒന്നോ രണ്ടോ തവണ മാത്രം കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ട്.’

‘യഥാര്‍ത്ഥ വസ്തുതയോ സത്യമോ അറിഞ്ഞതിന് ശേഷം എന്തെങ്കിലും പോസ്റ്റു ചെയ്യാനോ സന്ദേശമയയ്ക്കാനോ പങ്കിടാനോ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഗൂഗിള്‍ /വിക്കിപീഡിയ തെറ്റ് ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സാധാരണ വ്യക്തിയെന്ന നിലയിലും സിനിമാ മേഖലയിലെ സാന്നിധ്യം ആയതുകൊണ്ടും അവര്‍ക്കിടയില്‍ ആ പരിപാടിയില്‍ സംഭവിച്ചതില്‍ എനിക്ക് ഖേദമുണ്ട്,’

Exit mobile version