തൃശ്ശൂര്‍: നടന് ബിനീഷ് ബാസ്റ്റിന് പാലക്കാട് മെഡിക്കല്‍ കോളജിലെ കോളജ് ഡേ പരിപാടിയില്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്, വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് എന്നിവരെ എതിര്‍കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
അന്തസ്സോടെയും വിവേചനങ്ങള്‍ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നു ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാലയിലെ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രവര്ത്തകന് ദിനു വെയില് നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെയാണ് പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ ബിനീഷുമായി വേദി പങ്കിടില്ലെന്ന് മറ്റൊരു മുഖ്യാതിഥിയായെത്തിയ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് വേദിയില്‍ കുത്തിയിരുന്ന് ബിനീഷ് പ്രതിഷേധം അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ നിരവധി പേരാണ് ബിനീഷിന് പിന്തുണയുമായെത്തിയത്.
‘ഇയാള്‍ വേദിയിലുണ്ടെങ്കില്‍ ഞാന്‍ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ചു വന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ എനിക്ക് പറ്റില്ല’ എന്നിങ്ങനെ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞതായി നടന് ബിനീഷ് ബാസ്റ്റിന് പറഞ്ഞു. സംഭവത്തില്‍ ഫെഫ്ക്ക അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
Discussion about this post