തിരുവനന്തപുരം: ഇത്തവണത്തെ എഴുത്തച്ഛന് പുരസ്കാരം നേടിയ ആനന്ദിനെ അഭിനന്ദിച്ച് മന്ത്രി എകെ ബാലന്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം പുരസ്കാരം നേടിയ ആനന്ദിനെ അഭിനന്ദിച്ചത്. മഹാകവി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ പേരില്‍ സാംസ്കാരിക വകുപ്പ് നല്കി വരുന്ന പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛന് പുരസ്കാരം. പുരസ്കാര തുക അഞ്ച് ലക്ഷം രൂപയാണ്. ഇരുപത്തി ഏഴാമത് എഴുത്തച്ഛന് പുരസ്കാരമാണ് ആനന്ദിന് ലഭിച്ചിരിക്കുന്നത്.
മലയാളത്തിലെ ആദ്യ ഇന്ത്യന്‍ നോവലായ’ ആള്‍ക്കൂട്ട’മെന്ന ആദ്യകൃതി മുതല്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന സവിശേഷ പ്രതിസന്ധികളെ ക്രാന്തദര്‍ശിത്വത്തോടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ആനന്ദ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു പുറമെ വ്യക്തികളുടെ സംഘര്‍ഷങ്ങളിലൂടെ വലിയ രാഷ്ട്രീയ സന്ദിഗ്ധതകളെ തുറന്നുകാട്ടുന്നതില്‍ അദ്ദേഹത്തോളം കൈയടക്കം പ്രകടിപ്പിച്ച സാഹിത്യകാരില്ല എന്നും മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
2019 ലെ എഴുത്തച്ഛന് പുരസ്കാരം ആനന്ദിന്.മലയാള ഭാഷയുടെ പിതാവും മലയാള സാഹിത്യത്തിന്റെ പരമാചാര്യനും പണ്ഡിതനുമായ മഹാകവി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ പേരില്‍ സാംസ്കാരിക വകുപ്പ് നല്കി വരുന്ന പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛന് പുരസ്കാരം. മലയാള ഭാവുകത്വത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകളെ അനന്യമായ ശില്പഭദ്രതയോടെ ആവിഷ്കരിച്ച ആനന്ദിന് ആണ് ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം.
‘മലയാളത്തിലെ ആദ്യ ഇന്ത്യന്‍ നോവലായ’ ആള്‍ക്കൂട്ടമെന്ന ആദ്യകൃതി മുതല്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന സവിശേഷ പ്രതിസന്ധികളെ ക്രാന്തദര്‍ശിത്വത്തോടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ആനന്ദ്. വ്യക്തികളുടെ സംഘര്‍ഷങ്ങളിലൂടെ വലിയ രാഷ്ട്രീയ സന്ദിഗ്ധതകളെ തുറന്നുകാട്ടുന്നതില്‍ അദ്ദേഹത്തോളം കൈയടക്കം പ്രകടിപ്പിച്ച സാഹിത്യകാരില്ല. മനുഷ്യാവസ്ഥയ്ക്കു നേരേ നീളുന്ന അധികാരത്തിന്റെ കുടുക്കുകളെ നിരന്തരം പ്രശ്നവല്കരിച്ചുകൊണ്ട്. ആ കുടുക്കിനു പാകമാകാത്ത ശിരസുകളുടെ ശരിയെക്കുറിച്ച് അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. എല്ലാക്കാലത്തും സൗവര്ണപ്രതിപക്ഷത്തു നിലകൊണ്ട ആനന്ദ് മൗലികമായ ചിന്തകളെ കാലത്തിനൊപ്പം ജ്വലിപ്പിച്ചു നിര്‍ത്തുകയും ഭയലേശമില്ലാതെ ആവിഷ്കരിക്കുകയും ചെയ്യുന്നു.
1936-ല്‍ ഇരിങ്ങാലക്കുടയില്‍ ഒരു പ്രൈമറിസ്കൂള്‍ അധ്യാപകന്റെ മകനായി ജനിച്ചു. യഥാര്‍ത്ഥ പേര് പി. സച്ചിദാനന്ദന്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. നാലുകൊല്ലത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. ന്യൂ ദല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍നിന്ന് പ്ലാനിംഗ് ഡയറക്ടറായി വിരമിച്ചു. നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം മികച്ചൊരു ശില്പി കൂടിയാണ്.
ഗോവര്‍ദ്ധനന്റെ യാത്രകള്‍ എന്ന കൃതി കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും വീടും തടവും, ജൈവമനുഷ്യന്‍ എന്നീ കൃതികള്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും മരുഭൂമികള്‍ ഉണ്ടാകുന്നത് വയലാര്‍ അവാര്‍ഡും നേടി. കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും എന്ന കൃതിയുടെ മലയാളവിവര്‍ത്തനം 2012-ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിനര്‍ഹമായി. 2012 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് എഴുത്തച്ഛന് പുരസ്കാരമായി നല്‍കുന്നത്. ഒന്നര ലക്ഷം രൂപയായിരുന്ന എഴുത്തച്ഛന് പുരസ്കാരം ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്. 27 ാമത്തെ പുരസ്കാരമാണ് ആനന്ദിന് ലഭിക്കുന്നത്. സി രാധാകൃഷ്ണന്, സച്ചിദാനന്ദന്, എം മുകുന്ദന് എന്നിവര്‍ക്കാണ് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത്.
2019 ലെ എഴുത്തച്ഛന് പുരസ്കാരം നിര്‍ണയിച്ചത് സാഹിത്യഅക്കാദമി പ്രസിഡന്റ് ശ്രീ. വൈശാഖന് അദ്ധ്യക്ഷനായ സമിതിയാണ്. എം കെ സാനു, എം മുകുന്ദന്, കെ ജയകുമാര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ് ഐഎഎസ് എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. പുരസ്കാരജേതാവായ ശ്രീ. ആനന്ദിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Discussion about this post