കോട്ടയം: യഥാർത്ഥ കേരള കോൺഗ്രസ് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കട്ടെയെന്ന് ജോസ് കെ മാണി. പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തതിന് എതിരെയുള്ള സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി സമർപ്പിച്ച അപ്പീൽ കട്ടപ്പന സബ് കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നേരിട്ട തിരിച്ചടിയിൽ ആശങ്കയില്ല. പാർട്ടി ചിഹ്നം നൽകേണ്ടത് ആർക്കാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. പാർട്ടി ഭരണഘടനയനുസരിച്ച് ചെയർമാന്റെ അധ്യക്ഷതയിലാണ് സംസ്ഥാനകമ്മിറ്റി വിളിച്ച് ചേർക്കേണ്ടത്. എന്നാൽ ചെയർമാന്റെ നടപടികൾ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനകമ്മിറ്റി വിളിച്ച് ചേർത്ത് തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്പീൽ തള്ളിയ വിധിയിൽ ആശങ്കയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഈ വിഷയത്തിൽ വീണ്ടും അപ്പീൽ പോകുന്ന കാര്യം പരിഗണിക്കും.
Discussion about this post