കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളി ഹൈക്കോടതി. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ ഇപ്പോഴും കഴിയുമല്ലോ എന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാല്‍ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അതുകൊണ്ട് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, കോടതി ഉത്തരവിനെതിരെ സര്‍ക്കാരിനും പെണ്‍കുട്ടികളുടെ മാതാപിക്ക്ള്ക്കും അപ്പീല്‍ നല്‍കാം. ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടെ, കേസില്‍ പുനരന്വേഷണം വേണമെന്ന് ഹര്‍ജിയിലെ ആവശ്യത്തെക്കുറിച്ച് സിബിഐയുടെ അഭിപ്രായം കോടതി തേടി. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാല്‍ മാത്രമേ, ഈ കേസില്‍ പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സിബിഐ കോടതിയെ അറിയിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോര്‍ട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവില്‍ പോക്സോ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പറഞ്ഞു.
കേസില്‍ വിചാരണ നടക്കുന്ന സമയത്തും അന്വേഷണം നടക്കുന്ന സമയത്തും എവിടെയായിരുന്നുവെന്ന് ഹര്‍ജിക്കാരനോട് ചോദിച്ച കോടതി, സാക്ഷികള്‍ക്ക് സുരക്ഷ വേണമെന്ന ആവശ്യത്തെയും വിമര്‍ശിച്ചു. നിരവധി സാക്ഷികള്‍ കൂറുമാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്ജിക്കാരന് ഈ ആവശ്യം ഉന്നയിച്ചത്. വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ കേസില്‍ ഇനി സാക്ഷികള്‍ക്ക് എന്ത് സുരക്ഷ നല്‍കാനാണെന്നും കോടതി ചോദിച്ചു. എങ്കില്‍ ഹര്‍ജി പിന്‍വലിക്കാമെന്ന് വ്യക്തമാക്കിയ ഹര്ജിക്കാരന് അതിന് കോടതി അനുമതി നല്‍കിയില്ല.
Discussion about this post