ജോസ് കെ മാണി തെറ്റിൽ നിന്നും തെറ്റിലേക്ക് വഴുതി മാറികൊണ്ടിരിക്കുന്നു; കത്ത് നൽകിയാൽ പാർട്ടിയിലേക്ക് മടങ്ങിയെത്താം: ജോസഫ്

തിരുവനന്തപുരം: ജോസ് കെ മാണിക്ക് ചെയർമാൻ സ്ഥാനം കയ്യാളാൻ അവകാശമില്ലെന്ന കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി പിജെ ജോസഫ് രംഗത്ത്. പാർലമെന്ററി പാർട്ടി യോഗം വിളിക്കാൻ പിജെ ജോസഫിന് അധികാരമില്ലെന്ന് ജോസ് കെ മാണി പറയുന്നത് ‘താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ എന്ന നിലപാടു കൊണ്ടാണെന്നും ജോസഫ് പറഞ്ഞു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ജോസ് കെ മാണി തെറ്റിൽനിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ ചിഹ്നവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാൽ ചിഹ്നം വേണ്ടെന്നു പറഞ്ഞ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേ ശൈലിയിലാണ് ജോസ് കെ മാണി ഇപ്പോഴും മുന്നോട്ടു പോകുന്നത്. തെറ്റുതിരിത്തുന്നുവെന്ന് കാട്ടി കത്തു നൽകിയാൽ ജോസിനും കൂട്ടർക്കും പാർട്ടിയിലേക്ക് മടങ്ങിവരാമെന്നും ജോസഫ് പറഞ്ഞു.

കോടതിവിധിയിൽ ദൈവത്തിന് നന്ദി പറഞ്ഞ പിജെ ജോസഫ് കേരളാ കോൺഗ്രസിലേക്ക് എല്ലാവരും മടങ്ങിവരികയാണെന്നും കേരളാ കോൺഗ്രസ് എം ഒന്നേയുള്ളുവെന്നും കൂട്ടിച്ചേർത്തു.

Exit mobile version