കൊച്ചി: പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് പരിപാടിയില്‍ തന്നെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അപമാനിച്ചുവെന്ന് കാണിച്ച് ബിനീഷ് ബാസ്റ്റിന് രംഗത്ത് എത്തിയിരുന്നു. ഇതോടെ വീഡിയോ വൈറല്‍ ആവുകയും സോഷ്യല്‍ മീഡിയ വാര്‍ത്ത ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു.
വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സംവിധായകനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ അതിനിടെ ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇരുവരും തമ്മിലുള്ള സൗഹൃദ സംഭാഷണമാണ് വീഡിയോ ക്ലിപ്പില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മിനിറ്റും പന്ത്രണ്ട് സെക്കന്റും ദൈര്‍ഘ്യമുള്ള പഴയ വീഡിയോ ക്ലിപ്പാണിത്. തനിക്കേറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനില്‍ രാധാകൃഷ്ണന് മേനോന് എന്ന് ബിനീഷ് ബാസ്റ്റിന് ഈ വീഡിയോയില്‍ പറയുന്നുണ്ട്.
‘അനിലേട്ടനെ ഇരുത്തിക്കൊണ്ട് പുകഴ്ത്തിപ്പറയുകയാണ് എന്ന് വിചാരിക്കരുത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഡയറക്ടര്‍മാരിലൊരാളാണ് അനിലേട്ടന്. കാരണം ഞാന്‍ ഒരുപാട് ഡയറക്ടര്‍മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. വലിയ വലിയ നടന്മാരുടെ പടങ്ങളിലാണ് അഭിനയിച്ചേക്കണത്. എന്നാല്‍ പിന്നെ കാണുമ്പോള്‍ അവരൊന്നും അങ്ങനെ സംസാരിക്കാറൊന്നുമില്ല.
സാറിന്റെ പടത്തില്‍ ചെറിയൊരു വേഷം ഞാന്‍ ചെയ്തിട്ടുണ്ട്. എന്നെ എവിടെ വച്ച് കണ്ടാലും സാറ് മിണ്ടും, സംസാരിക്കും. മമ്മൂക്കയുണ്ടെങ്കിലും ലാലേട്ടന് ഉണ്ടെങ്കിലും അവരോടൊക്കെ സംസാരിക്കുന്നതു പോലെ എന്നോടും സംസാരിക്കും. മനുഷ്യനെ മനസ്സിലാക്കുന്നതാണ്. അതാണ് മനുഷ്യന്. അടുത്ത പടത്തില്‍ എനിക്ക് ചാന്‍സ് തന്നില്ലേലും കുഴപ്പമില്ല.’ വീഡിയോയില്‍ പറയുന്നു. അനില്‍ രാധാകൃഷ്ണ മേനോനും സൗഹൃദത്തോടെ പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേ ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ ബിനീഷിനൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിവാദം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് അനില്‍ രാധാകൃഷ്ണന് മേനോന് പറഞ്ഞതായി കോളേജ് ഭാരവാഹികള്‍ അറിയിച്ചെന്ന് ബിനീഷ് പറയുന്നു.
Discussion about this post