കോഴിക്കോട്: ബിനീഷ് ബാസ്റ്റിനെതിരായ സംഭവം ജാതീയമായ വേർതിരിവിന്റേത് ആണെന്ന് തോന്നിയിട്ടില്ലെന്ന് പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാൻ. സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും ബിനീഷുമായുള്ള വ്യക്തിപരമായ വിഷയമായാണ് അതു തോന്നിയതെന്നും എസ്എഫ്ഐ നേതാവു കൂടിയായ വൈഷ്ണവ് പറഞ്ഞു.
‘ജാതിപ്രശ്നം ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സംഭവം വന്നിട്ടേയുണ്ടായിരുന്നില്ല. അയാൾ ഡയറക്ട് നമ്മളോടു പറഞ്ഞത്, എന്നോട് ചാൻസ് ചോദിച്ചു നടന്ന ആളാണ്, അതുകൊണ്ട് അങ്ങനെയൊരാളുടെ കൂടെയിരിക്കാൻ പറ്റില്ല എന്നാണ്. അപ്പോൾ അതിൽ ഈഗോ, അല്ലെങ്കിൽ ഒരേ ഫീൽഡിൽ വർക്ക് ചെയ്യുന്നവർ തമ്മിലുള്ള ഇഷ്യൂസ് എന്നുള്ളതേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും വരണം, രണ്ട് പ്രോഗ്രാമും നടക്കണം എന്നുള്ള രീതിയിലാണു ഞങ്ങൾ നിന്നത്.
അല്ലാതെ ജാതിപരമായി അധിക്ഷേപിച്ചതിനു ഞങ്ങൾ കൂട്ടുനിൽക്കുകയല്ല ചെയ്തത്. അങ്ങനെയൊരു വിഷയമുണ്ടായിരുന്നെങ്കിൽ ഞങ്ങൾ സ്റ്റേജിൽ പോലും കയറ്റില്ലായിരുന്നു. പേഴ്സണൽ ഇഷ്യു എന്നുള്ള രീതിയിലാണു സംസാരിച്ചത്.’ വൈഷ്ണവ് പറഞ്ഞതായി ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോന്റെ പ്രതികരണം.
Discussion about this post