കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ അധികാര തർക്കത്തിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണി പാർട്ടി ചെയർമാനല്ലെന്ന് കട്ടപ്പന സബ് കോടതി വിധിച്ചു. ചെയർമാന്റെ അധികാരം തടഞ്ഞ ഇടുക്കി മുൻസിഫ് കോടതിയുടെ വിധി സബ്കോടതി ശരിവച്ചു. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ് കെ മാണി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി ഇന്ന് വിധി പറഞ്ഞത്.
കെഎം മാണിയുടെ നിര്യാണത്തോടെ ഒഴിവു വന്ന കേരളാ കോൺഗ്രസ് എമ്മിന്റെ ചെയർമാൻ സ്ഥാനത്തിനുവേണ്ടി ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുകയാണ്. ഇതിനിടെ ജൂണിൽ കോട്ടയത്ത് ജോസ് വിഭാഗം വിളിച്ച് കൂട്ടിയ ബദൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി ഒരു വിഭാഗം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ തർക്കം നിയമ പോരാട്ടങ്ങളിലേക്കും കടന്നു. ചെയർമാൻ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് കാണിച്ച് ജോസഫ് വിഭാഗം ആദ്യം തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചു. ഇത് അംഗീകരിച്ച തൊടുപുഴ കോടതി ജോസ് കെ മാണി ചെയർമാന്റെ പദവിയും അധികാരം കയ്യാളുന്നതും തടയുകയായിരുന്നു.
Discussion about this post