ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ടുളള അപേക്ഷ ദേവസ്വം ബോര്‍ഡ് ഇന്ന് സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗിന്റെ നിര്‍ദേശപ്രകാരമാണ് അപേക്ഷ തയ്യാറാക്കിയത്. സ്ത്രീകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതാണ് സാവകാശത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുക.
അതേസമയം ഈ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നതില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ല. രേഖകളെല്ലാം ലഭിച്ചാല്‍ ഇന്ന് തന്നെ അപേക്ഷ ഫയല്‍ ചെയ്യാനാണ് നീക്കം. പ്രളയവും പ്രക്ഷോഭങ്ങളും കാരണം ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രധാനമായും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുക.
പുനഃപരിശോധന ഹര്‍ജിയിലെ തീര്‍പ്പിന് കാത്തിരുന്നത് കൊണ്ടാണ് അപേക്ഷ നല്‍കുന്നതില്‍ ഒന്നര മാസത്തോളം കാലതാമസം ഉണ്ടായതെന്നും അപേക്ഷയില്‍ വ്യക്തമാക്കും. വിധി നടപ്പാക്കാന്‍ അടുത്ത വര്‍ഷം വരെ സാവകാശം നല്‍കാനാണ് സാധ്യത.
Discussion about this post