പാലക്കാട്: ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് പരിപാടിയില്‍ നടന് ബിനീഷ് ബാസ്റ്റിന് അപമാനിക്കപ്പെട്ടെന്ന ആരോപണം മന്ത്രിയോട് വിശദീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ തിരുവനന്തപുരത്തെത്തി. മന്ത്രി എകെ ബാലനെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാനാണ് പ്രിന്‍സിപ്പാള്‍ എത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടേറിയേറ്റില്‍ മന്ത്രിയുടെ ഓഫീസില്‍ വച്ച് കാണാനാണ് മന്ത്രി അനുവാദം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താന്‍ മന്ത്രിയെ കാണാന്‍ എത്തിയതെന്നും, സംഭവം വിവാദമായ സാഹചര്യത്തില്‍ മന്ത്രിയോടെ നേരിട്ട് വിശദീകരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ ഡോ ടിബി കുലാസ് പറഞ്ഞു.
അവര്‍ ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയില്‍ ഞാനുമെന്റെ കുട്ടികളും പെട്ടുപോയതാണെന്നും അവര്‍ തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയില്‍പെട്ട് കുട്ടികള്‍ ഭയന്നു പോയെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ബിനീഷാണ് മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം ആരോപിച്ചു.
‘ബിനീഷ് ആ പ്രോഗ്രാമിന്റെ ഇടയില്‍ കയറി അവിടെ കുത്തിയിരുന്നു. 30 സെക്കന്റ് സംസാരിക്കാന്‍ വേണമെന്ന് പറഞ്ഞു. അതൊക്കെ എല്ലാവരും കണ്ടതാണല്ലോ പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യം പരിപാടിയുടെ ചീഫ് ഗസ്റ്റായി നിശ്ചയിച്ചത് ബിനീഷിനെയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലായപ്പോള്‍ പരിപാടികളുടെ സമയക്രമം മാറ്റി നിശ്ചയിച്ചു. ഇത് പ്രകാരം അഞ്ചരയ്ക്കാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ പരിപാടി വച്ചത്. ആറ് മണിക്ക് ബിനീഷിന്റെ പരിപാടിയും നിശ്ചയിച്ചു.
സമയക്രമം ബിനീഷിനെ നേരത്തെ അറിയിച്ചതാണ്. എന്നാല്‍ അദ്ദേഹം എത്തിയപ്പോഴേക്കും ആദ്യത്തെ പരിപാടി അവസാനിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ സ്വീകരിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുപോകാന്‍ വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെട്ടത്. ഞാന്‍ അദ്ദേഹത്തെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയ സമയത്ത് ബിനീഷ് എന്റെ കൈതട്ടി മാറ്റി സ്റ്റേജിലേക്ക് പോവുകയായിരുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞ് പോകാമെന്ന് പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. പരിപാടി പ്രശ്നമുണ്ടാക്കാനുള്ള ശ്രമമാണെന്ന് തോന്നിയത് കൊണ്ടാണ് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞത് പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു.
Discussion about this post