ശബരിമല: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വലിയ നടപ്പന്തലില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്തു. വലിയ നടപ്പന്തലില്‍ യാതൊരു പ്രകോപനവും കൂടാതെ ശരണം വിളിച്ചിരുന്ന നൂറു കണക്കിന് അയ്യപ്പന്മാരെയാണ് അറസ്റ്റ് ചെയ്തത്.
എസ്പിയുടെ നേതൃത്വത്തിലാണ് മുഴുവന്‍ പേരെയും അറസ്റ്റുചെയ്തു നീക്കിയത്. അറസ്റ്റിന് വഴങ്ങാത്തവരെ ബലംപ്രയോഗിച്ചാണ് അറസ്റ്റുചെയ്യുന്നത്. പോലീസിന്റെയും കമാന്‍ഡോ സംഘത്തിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ്. സന്നിധാനത്തിന് സമീപത്തെ സ്റ്റേഷനില്‍ എത്തിച്ചശേഷം ഇവരെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് മാറ്റാനാണ് നീക്കം.
രാത്രി 10.30 മണിയോടെ ആരംഭിച്ച പ്രതിഷേധത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തീരുമാനിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നല്കിയവരില് നാലുപേരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരാളെ മാത്രമായി കസ്റ്റഡിയിലെടുക്കാനാവില്ലെന്നും എല്ലാവരെയും അറസ്റ്റുചെയ്യണമെന്നും ഭക്തര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് മാറ്റാന്‍ പോലീസ് തീരുമാനിച്ചത്.
മാളികപ്പുറത്ത് നിന്നാരംഭിച്ച പ്രതിഷേധമാണ് വലിയ നടപ്പന്തലില്‍ നാമജപ പ്രതിഷേധമായി മാറിയത്. നട അടച്ചിട്ടും പിരിഞ്ഞുപോകാതെ നിന്ന പ്രതിഷേധക്കാരോട് ഇവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിട്ടും അവര്‍ തയ്യാറായില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്നിടത്ത് പ്രതിഷേധം നടത്താനാവില്ലെന്ന് പറഞ്ഞ് പ്രതിഷേധത്തിന് നേതൃത്വം നല്കിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇവര്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് മാളികപ്പുറം ഭാഗത്ത് വിരിവയ്ക്കാന്‍ പോലീസ് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍ സംശയമുള്ളവവരെ പോലീസ് സ്ഥലത്ത് നിന്ന് മാറ്റാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. തങ്ങളെ ഇവിടെ തങ്ങാന്‍ അനുവദിക്കണെമന്നും വിരി വയ്ക്കാന്‍ കൂടുതല്‍ സൗകര്യം വേണമെന്നും ആവശ്യപ്പെട്ടാണ് തുടങ്ങിയത്. ചെറുതായി തുടങ്ങിയ നാമജപ പ്രതിഷേധം പിന്നിട് വലിയ പ്രതിഷേധമായി മാറുകയായിരുന്നു. തുടര്‍ന്ന് വലിയ നടപ്പന്തലില്‍ ഇവര്‍ കുത്തിയിരുന്ന നാമജപം പ്രതിഷേധം നടത്തുകയായിരുന്നു.
Discussion about this post