കൊച്ചി: പീഡന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോരാടിയ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പ്രസാധകരായ പൈന്‍ ബുക്ക്‌സ് പിന്മാറി. സിസ്റ്റര്‍ ലൂസി ഏകപക്ഷീയമായി റോയല്‍റ്റി തുക വര്‍ധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൈന്‍ ബുക്‌സിന്റെ പിന്മാറ്റം.
പതിനഞ്ചു ശതമാനം റോയല്‍റ്റി എന്ന കരാറിലാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയാറായതെന്നും എന്നാല്‍ പിന്നീട് സിസ്റ്റര്‍ ലൂസി അന്‍പതു ശതമാനം റോയല്‍റ്റി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പൈന്‍ ബുക്‌സ് ഡയറക്ടര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് പറഞ്ഞു. ഇതേതുടര്‍ന്നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്മാറിയതെന്നും പ്രസാധകര്‍ വ്യക്തമാക്കി.
എന്നാല്‍ തന്റെ പുസ്തകം എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മറ്റ് പലരും പ്രസാധനത്തിന് തയ്യാറായി തന്നെ സമീപിച്ചതിനാല്‍ പുസ്തകം ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നും സിസ്റ്റര്‍ ലൂസിയും പ്രതികരിച്ചു.മലയാളത്തിനു പുറമേ ഇംഗ്ലിഷിലും ഹിന്ദിയിലും പുസ്തകം പ്രസിദ്ധീകരിക്കാനായിരുന്നു പദ്ധതി. പീഡന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍ സന്യാസിനീ സഭയില്‍നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്.
Discussion about this post