പാലക്കാട്: വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിലും പ്രോസിക്യൂഷന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് പാലക്കാട് സെഷൻസ് കോടതി ജഡ്ജിയുടെ റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സെഷൻസ് കോടതി അടയാളപ്പെടുത്തിയിരിക്കുന്നത്. മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും സെഷൻസ് കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെഷൻസ് ജഡ്ജി റിപ്പോർട്ട് നൽകിയത്. കേസിന്റെ ഗൗരവം മനസിലാക്കാതെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിന് സെഷൻസ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
2017 ലാണ് മധുവിനും പ്രദീപ് കുമാറിനും ജാമ്യം ലഭിച്ചത്. റിമാൻഡ് നീട്ടുന്നതിനു വേണ്ടി സെഷൻസ് കോടതിയിൽ ഹാജരാക്കിയ ദിവസം ജാമ്യഹർജി കോടതിയിൽ സമർപ്പിക്കുകയും അന്നു തന്നെ ജാമ്യഹർജി കോടതി പരിഗണിക്കുകയും മധുവിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യത്തിനുള്ള അപേക്ഷ നൽകി തൊട്ടടുത്ത ദിവസം പ്രദീപ് കുമാറിനും ജാമ്യം ലഭിച്ചിരുന്നു. ഇതിൽ അസ്വാഭാവികത ഉണ്ടായതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്.
ഇതേതുടർന്ന് ഹൈക്കോടതി സെഷൻസ് കോടതിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ സെഷൻസ് ജഡ്ജി നൽകിയ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ കുറ്റപത്രം നൽകിക്കഴിഞ്ഞു, പ്രതികൾ 90 ദിവസത്തിലധികമായി പോലീസ് കസ്റ്റഡിയിലാണ് എന്നീ രണ്ട് കാര്യങ്ങളാണ് ജാമ്യഹർജി കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോൾ പ്രോസിക്യൂട്ടർ കോടതിയുടെ മുന്നിൽ സമർപ്പിച്ചത്. കൂടാതെ ജാമ്യം നൽകുന്നതിന് പ്രോസിക്യൂട്ടർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചതെന്നാണ് സെഷൻസ് കോടതി ജഡ്ജി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകുന്നതിനെ താൻ എതിർത്തിരുന്നുവെന്നും ജഡ്ജി സ്വന്തം അധികാരം ഉപയോഗിച്ച് ജാമ്യം നൽകുകയായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജ് പ്രതികരിച്ചു.
Discussion about this post