പത്തനംതിട്ട: ശബരിമലയില്‍ കടുത്ത പോലീസ് നിയന്ത്രണത്തിനെതിരെ പഴിയ്ക്കുന്നവര് ഏറെയാണ്. എന്നാല്‍ കാക്കിക്കുള്ളില്‍ മനുഷ്യനുണ്ടെന്ന കാര്യം മറന്നാണ് പലരും രൂക്ഷമായി പ്രതികരിയ്ക്കുന്നത്.
ഏതൊരു ആവശ്യഘട്ടത്തിലും സജ്ജരായിരിക്കണമെന്നാണ് ശബരിമലയില്‍ നിയോഗിച്ച പോലീസുകാര്‍ക്കുള്ള നിര്‍ദേശം. രാത്രിയോ പകലോ എന്നില്ലാതെ 24 മണിക്കൂര്‍ സുരക്ഷാ ജോലി ചെയ്യുന്ന പോലീസ് സേന എപ്പോഴെങ്കിലും വിശ്രമിക്കാറുണ്ടോ എന്ന് എത്ര പേര് ചിന്തിക്കുന്നുണ്ടാകും.
മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ കഷ്ടതകള്‍ വിളിച്ചോതുന്നതാണ്. ന്യൂസ് 18 ചാനലിലെ റിപ്പോര്‍ട്ടര്‍ ശ്യാം ദേവരാജ് അര്‍ധരാത്രി 2.30ന് പകര്‍ത്തിയ പോലീസുകാര്‍ റോഡില്‍ കിടന്നുറങ്ങുന്ന ചിത്രവും ചേര്‍ത്താണ് ജേക്കബ് പുന്നൂസിന്റെ കുറിപ്പ്.
ജേക്കബ് പുന്നൂസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നിങ്ങള്‍ എപ്പോഴെങ്കിലും റോഡില്‍ കിടന്നുറങ്ങിയിട്ടുണ്ടോ?? ഹെല്‍മെറ്റുകള്‍ തലയിണയാക്കിയാണ് ഈ പോലീസുകാര്‍ ഉറങ്ങുന്നത്. പകല്‍ മുഴുവന്‍ ജോലി ചെയ്ത് തളര്‍ന്നു. അടുത്ത ഡ്യൂട്ടിക്ക് വിളിക്കും മുന്‍പ് അവര്‍ക്ക് തല ചായ്ക്കാന്‍ കട്ടിലും മെത്തയുമില്ല. നിങ്ങള്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ സുരക്ഷാ കവചമാണ് അവരുടെ മെത്ത.
സമാധാനത്തിനായി പൊരുതുന്ന ഇവരെ നമ്മള് കാണാതെ പോകരുത്. അവരുടെ കഷ്ടപ്പാടുകള്‍ വെറുതെയാകില്ല എന്ന് പ്രത്യാശിക്കാം. കുറച്ചു പേരുടെ കുറ്റങ്ങള്‍ക്ക് ഇങ്ങനെ കഷ്ടപ്പെടുന്നവരെയും ചേര്‍ത്താണ് പലരും പഴി ചാരുന്നത്. കര്‍മനിരതരായ ഈ പോലീസുകാര്‍ക്ക് എന്റെ സല്യൂട്ട്.
Discussion about this post