പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അടക്കം വീഴ്ച പറ്റിയ കേസില്‍ തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി കണ്ടത്.
കേസില്‍ സിബിഐ അന്വേഷണം വേണമെന്നും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതിനു വേണ്ട എല്ലാ സൗകര്യവും ചെയ്തുനല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ട്. കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മാതാപിതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ഇനി ഒരു അച്ഛനും അമ്മയും ഇങ്ങനെ നില്‍ക്കേണ്ടി വരരുത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു നീതി കിട്ടണം. അതു മാത്രമാണ് ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.
കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനൊപ്പമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പുന്നല ശ്രീകുമാര്‍ ഫറഞ്ഞു.