അർധരാത്രിയിൽ ബസിറങ്ങിയ യുവതിയെ സംരക്ഷിച്ച് ആനവണ്ടി; കൂരിരുട്ടത്ത് തനിച്ചാക്കാതെ ആളെത്തും വരെ കാവൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർ; നന്മ വറ്റാതെ കൂടെ നിന്ന് യാത്രക്കാരും

കാഞ്ഞിരപ്പള്ളി: അർധരാത്രി ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരിയെ കൂട്ടാൻ ആരും എത്തിയില്ലെന്ന് മനസിലായതോടെ ആളെത്തും വരെ സുരക്ഷയ്ക്കായി കൂട്ടിരുന്ന് കെഎസ്ആർടിസിയിലെ ജീവനക്കാരും യാത്രക്കാരും. ദേശീയപാത 183-ൽ പൊടിമറ്റത്ത് ചൊവ്വാഴ്ച രാത്രി 11.20-നാണ് എറണാകുളം-മധുര ബസിൽ വന്ന യുവതി ഇറങ്ങിയത്. ഇവരെ കൂട്ടികൊണ്ടുപോകാൻ ആരും എത്തിയിരുന്നതുമില്ല. ഒടുവിൽ വെട്ടം തെളിച്ച് കെഎസ്ആർടിസിയൊന്നാകെ കാവൽ നിൽക്കുകയായിരുന്നു. 15 മിനിറ്റിന് ശേഷം കൂട്ടിക്കൊണ്ടുപോകാൻ ആൾ എത്തിക്കഴിഞ്ഞാണ് ഈ ബസ് മുന്നോട്ട് പോയത്. ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ എം.ഫിൽ ചെയ്യുന്ന കണ്ണൂർ സ്വദേശിനി എൽസീന ജോസഫിനാണ് കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും കാവലായത്.

എറണാകുളം ഡിപ്പോയിലെ ഡ്രൈവർ കുമ്പളങ്ങി പുന്നേക്കാട്ട് ഡെന്നി സേവ്യർ, ഡ്രൈവർ കം കണ്ടക്ടർ ഓയൂർ പയ്യക്കോട് ഷാജു കോട്ടേജിൽ ബി ഷാജുദ്ദീൻ എന്നിവരാണ് യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ആളെത്തുന്നതുവരെ കാത്തുനിന്നത്. മറ്റ് യാത്രക്കാരും ഇതിനെ അനുകൂലിക്കുകയായിരുന്നു.

ഗവേഷണ ആവശ്യത്തിനാണ് എൽസീന ചൊവ്വാഴ്ച എറണാകുളത്തെത്തിയത്. ബുധനാഴ്ച രാവിലെ കുട്ടിക്കാനം മരിയൻ കോളേജിൽ പോകാൻ കുടുംബസുഹൃത്തിന്റെ പൊടിമറ്റത്തെ വീട് ലക്ഷ്യമാക്കിയാണ് എൽസീന തിരിച്ചത്. ഫോണിൽ വിളിച്ചിട്ട് ലഭിക്കാഞ്ഞതിനാൽ കൂട്ടിക്കൊണ്ടുപോകാൻ ആളെത്താൻ വൈകി. യുവതി തനിച്ചാണെന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് കൂട്ടിക്കൊണ്ടുപോകാൻ ആളെത്തിയിട്ടില്ലെന്ന് അറിഞ്ഞത്. ഇതോടെ ബസ് നിർത്തിയിട്ട് ആളെത്തുന്നതുവരെ കാത്തിരുന്നു. കാറിലെത്തിയ കുടുംബസുഹൃത്തിനൊപ്പം എൽസീന പോയ ശേഷമാണ് ബസ് പൊടിമറ്റം വിട്ടത്. കണ്ണൂർ അറയ്ക്കൽ ജോസഫ്-ഏലിയാമ്മ ദമ്പതിമാരുടെ മകളാണ് എൽസീന.

Exit mobile version