കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തുന്ന മഹയും ക്യാറും അറബിക്കടലില്‍ തന്നെ നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് ക്യാര്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടത്. എന്നാല്‍ ഇതുവരെയും തീരത്തേയ്ക്ക് അടുത്തിട്ടില്ല. മഹ ചുഴലിക്കാറ്റിനെ വടക്കോട്ട് കടത്തിവിടാതെയാണ് ക്യാര്‍ ചുഴലിക്കാറ്റ് നില്‍ക്കുന്നത്. ക്യാര്‍ കടന്ന് പോകുന്നതോടെ കടല്‍ തണുക്കും. ഇത് മഹയുടെ തീവ്രത കുറയ്ക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
മഹയും ഒമാനിലേയ്ക്ക് തന്നെയാണ് പോകുന്നത്. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മഴയുടെ ശക്തി ഉച്ചയോടെ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. കേരളത്തിന് പുറത്തുള്ള മഴ മേഖലകള്‍ അറബി കടലിലേക്ക് സാവധാനം നീങ്ങുന്നതായി വിദഗ്ധര്‍ അറിയിച്ചു. ക്യാര്‍ ചുഴലിക്കാറ്റ് നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ നീക്കം വളരെ പതുക്കെയാണ്. ‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
Discussion about this post