പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ മരിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങൾ വാളയാറിൽ തുടരുന്നു. ഇതിനിടെ ബാലാവകാശ കമ്മീഷൻ ഇന്ന് വാളയാറിലെത്തും. കേസിൽ പോലീസിന് വന്ന വീഴ്ച നിയമസഭയിലടക്കം വലിയ ഒച്ചപാടുണ്ടാക്കിയതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നത്.
അതേസമയം, ബിജെപിയുടെ നേതൃത്വത്തിൽ അട്ടപ്പള്ളത്താരംഭിച്ച 100 മണിക്കൂർ സമരം വ്യാഴാഴ്ചയും തുടരുകയാണ്. ബുധനാഴ്ച സമരം സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറാണ് ഉദ്ഘാടനം ചെയ്തത്. കേസിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് ആരോപിച്ച് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ചിനിടെ ചെറിയതോതിൽ സംഘർഷമുണ്ടായി. സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഉൾപ്പെടെ 56 പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
എബിവിപി പ്രവർത്തകർ കളക്ട്രേറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
Discussion about this post