തൃശ്ശൂര്‍: വാഹനാപകടത്തില്‍ കാല് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് 91 ലക്ഷം
നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്. തൃശ്ശൂര്‍ പെരുമ്പിലാവ് മേനോത്ത് വീട്ടില്‍ രാജന്റെ മകള്‍ രഞ്ജിമ (24)യ്ക്കാണ് നഷ്ടപരിഹാരം നല്കാന് തൃശ്ശൂര്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ആഷ് കെ ബാല്‍ ഉത്തരവിട്ടത്.
2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന രഞ്ജിമയ്ക്കാണ് വാഹനാപകടത്തില്‍ കാല് നഷ്ടമായത്.
19-ാം തീയതി കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ രഞ്ജിമ സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിമയുടെ ഇടതുകാല് മുട്ടിന് മുകളില്‍ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.
അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന ഡ്രൈവറുടെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. കാറിന്റെ ഇന്‍ഷ്യൂറന്‍സ് നല്‍കിയിട്ടുള്ള ന്യൂ ഇന്ത്യാ ഇന്‍ഷ്യൂറന്‍സ് കമ്പനിയ്ക്കാണ് നഷ്ടപരിഹാരെ നല്കാന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ.