തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് ഇന്ന് 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത് മഹ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതേസമയം, കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
എറണാകുളത്ത് തീരദേശ താലൂക്കുകളായ കൊച്ചിയിലും പറവൂരിലും തൃശ്ശൂരിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ വെള്ളക്കെട്ട് മൂലം പ്രയാസം നേരിടുന്ന
സ്കൂളുകള്‍ക്ക് അവധി നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഓറഞ്ച് അലേര്‍ട്ട്
നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണു. ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതുജനങ്ങളും കൂടുതല്‍ ജാഗ്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മൂന്നാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
എറണാകുളത്ത് കടല്‍ക്ഷോഭം ശക്തം
എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ പലയിടത്തും കടല്‍ ക്ഷോഭം രൂക്ഷം. ഇതേ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തില് വെള്ളം കയറിയതിനെ തുടര്‍ന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. എടവനക്കാട് 4 കുടുംബങ്ങള്‍ ക്യാമ്പില്‍ ആണ്. ഫോര്‍ട്ട്കൊച്ചിയില്‍ 15ലേറെ മീന്‍പിടുത്ത വള്ളങ്ങള്‍ തകര്‍ന്നു.
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒന്നരയടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
രാവിലെ 9 ന് അരയടി കൂടി ഉയര്‍ത്തും. നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.