കോഴിക്കോട്: 108 ആംബുലന്‍സിന് തീപ്പിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പോലും മറന്ന് രഅത്യാസന്നനിലയിലായ രോഗിയെ രക്ഷപ്പെടുത്തിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ സൈഫുദ്ദീന്‍ സ്ഥിരനിയമനം നല്‍കി ആരോഗ്യവകുപ്പ്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ ക്വാളിറ്റി അസിസ്റ്റന്റ്(നഴ്സിങ്) എന്ന തസ്തിക സൃഷ്ടിച്ചാണ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ സൈഫുദ്ദീന് സ്ഥിരംനിയമനം നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.
2018 സെപ്റ്റംബര്‍ അഞ്ചിന് ആലപ്പുഴ ചമ്പക്കുളത്താണ് സംഭവം. അത്യാസന്ന നിലയില്‍ ചമ്പക്കുളം ആശുപത്രിയിലെത്തിച്ച രോഗിയെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് 108 ആംബുലന്‍സ് തീപ്പിടിക്കുകയായിരുന്നു. രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്.
പൂര്‍ണമായും കത്തിയമര്‍ന്ന ആംബുലന്‍സില്‍ നിന്ന് സൈഫുദ്ദീന്‍ രോഗിയെ സുരക്ഷിതമായി പുറത്തെത്തിച്ച് മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചിരുന്നെങ്കിലും ഇയാള്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍ സൈഫുദ്ദീന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ധീര രക്ഷാപ്രവര്‍ത്തനത്തിന് അംഗീകാരമായി സൈഫുദ്ദീനെ ആരോഗ്യവകുപ്പ് പ്രത്യേക ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തിരുന്നു. ബിഎസ്‌സി നഴ്സിംഗ് ബിരുദധാരിയായ തനിക്ക് സ്ഥിരം നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സൈഫുദ്ദീന്‍ നിവേനം നല്‍കിയിരുന്നു.
Discussion about this post