റെയില്‍വെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ട് ജീവനക്കാര്‍ക്ക് ഷോക്കേറ്റു

കോട്ടയം പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം

കോട്ടയം: റെയില്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ രണ്ടു ജീവനക്കാര്‍ക്ക് ഷോക്കേറ്റു. കോട്ടയം പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം. മഹേഷ് കുമാര്‍, സബീറാ ബീഗം എന്നിവര്‍ക്കാണ് ഷോക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം ഇരുമ്പയം കല്ലിങ്കലില്‍ അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് രണ്ടു ജീവനക്കാര്‍ക്ക് പരിക്കേറ്റത്. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു ലൈനിലെ വൈദ്യുതി വിച്ഛേദിക്കാത്തതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മഹേഷ് കുമാറിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സബീറയുടെ കൈയിനാണ് പൊള്ളല്‍.

ഇരുവരേയും ആദ്യം വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Exit mobile version