പാലക്കാട്: അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് മാവോയിസ്റ്റുകളായ കാർത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണ് അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിന് മുൻപ് മൃതദേഹം തിരിച്ചറിയാൻ അവസരം നൽകുമെന്നു പോലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണു നടപടി.
മൃതദേഹങ്ങൾ റീപോസ്റ്റ്മോർട്ടം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇൻക്വസ്റ്റിനു മുൻപു നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാർത്തിയുടെ അമ്മയും സഹോദരിയും ആരോപിച്ചു. റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് ഇവർ കളക്ടർക്കു പരാതി നൽകി.
അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ ശരീരത്തിൽനിന്ന് 5 തിരകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. തലയിൽ ഉൾപ്പെടെ ഇവരുടെ ശരീരത്തിൽ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്. രമയുടേയും കാർത്തിയുടേയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
Discussion about this post