ന്യൂഡല്‍ഹി: മുസ്ലീം കുട്ടികളെ മാലിന്യത്തോട് ഉപമിച്ച സംഭവത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മലിനീകരണം തടയണമെങ്കില്‍ നിങ്ങള്‍ പടക്കം പൊട്ടിക്കല്‍ നിര്‍ത്തൂ, ദീപാവലിക്കല്ല എന്ന വാചകത്തോടെ മുസ്ലീം കുടുംബത്തിന്റെ ചിത്രം അദ്ദേഹം പങ്കുവെയ്ക്കുകയായിരുന്നു. ഇത് വലിയ രീതിയില്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
സംഭവത്തില്‍ ഡല്‍ഹിയിലെ ജാമിയ നഗറിലുള്ള മെഹമ്മൂദ് അഹമ്മദ് നേതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. മിശ്രയുടെ ട്വീറ്റ് വിദ്വേഷം വളര്‍ത്തുന്നതും വര്‍ഗീയ ലഹളയിലേക്ക് നയിക്കാവുന്നതുമാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ്. ഗുരുതരമായ ഭവിഷ്യത്തുക്കള്‍ക്ക് ഇത് കാരണമാകുമെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നേതാവിനെതിരെ കേസെടുത്തത്.
രാഷ്ട്രീയത്തിന് വേണ്ടിയാണ് കുട്ടികളെ ഇത്തരത്തില്‍ വിവക്ഷിച്ചതെന്ന് ആര്‍ജെഡിയും വിമര്‍ശനമുയര്‍ത്തി. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മുന്‍ നിയമസഭാംഗമായിരുന്നു മിശ്ര. പാര്‍ട്ടി വിട്ടതോടെ ഇയാളെ അയോഗ്യനാക്കുകയായിരുന്നു. താന്‍ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നാണ് മിശ്രയുടെ വിശദീകരണം.