പാലക്കാട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ പോലീസ് വാദത്തെ തള്ളി ആദിവാസി നേതാവ് ശിവാനി. കീഴടങ്ങാന്‍ മാവോയിസ്റ്റുകളും പുനരധിവസിപ്പിക്കാമെന്ന് പോലീസും ധാരണയിലെത്തിയതാണെന്നും, എന്നാല്‍ ഈ ധാരണ മറികടന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്നും ശിവാനി പറഞ്ഞു. മാവോയിസ്റ്റുകളുമായി പോലീസ് നടത്തി വന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നയാളാണ് ശിവാനി.
ഏറ്റ് മുട്ടലില്‍ പരിക്കേറ്റ്, ഇന്നലെ മരിച്ച മണിവാസകത്തിന് ആക്രമിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ലെന്നും ശിവാനി പറഞ്ഞു. അതിനാല്‍ പോലീസ് നടപടിയില്‍ സംശയമുണ്ടെന്നും ശിവാനി കൂട്ടിച്ചേര്‍ത്തു. വെടിവെയ്പ്പിനിടെയാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെങ്കില്‍ പോലീസിനും പരിക്കേല്‍ക്കേണ്ടതല്ലേ എന്നും ശിവാനി ചോദിക്കുന്നു. പോലീസ് നടപടി ആസൂത്രിതമായിരുന്നെന്നും വെടിവച്ച് കൊന്ന പോലീസ് നടപടി ശരിയല്ലെന്നും ശിവാനി വ്യക്തമാക്കി.
തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയോ ആദിവാസികളെ ഉപദ്രവിക്കുകയോ ഒന്നും മാവോയിസ്റ്റുകള്‍ ചെയ്യാറില്ല. മറ്റ് വഴിയില്ലാതെ കാട്ടില്‍ കഴിയേണ്ടി വന്നവരാണ് മാവോയിസ്റ്റുകളില്‍ പലരും. സ്വന്തം നാട്ടില്‍ സ്വതന്ത്രരായി ജീവിക്കാന്‍ സാഹചര്യം വേണമെന്നായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യമെന്നും ശിവാനി പറഞ്ഞു.