ചെങ്ങന്നൂര്‍: രാഷ്ട്രീയ കുപ്പായം അഴിച്ചുവെച്ച് വെണ്മണിയിലെ തറവാട്ടില്‍ എത്തിയ നിയുക്ത മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം ഒരുക്കി ജന്മനാട്. മിസോറാമിലേക്ക് യാത്രതിരിക്കും മുന്‍പായിട്ടാണ് മാതാവ് ഭവാനിയമ്മയുടെ അനുഗ്രഹം വാങ്ങാനും മറ്റുമായി ചെങ്ങന്നൂര്‍ വെണ്മണിയിലെ തറവാട്ടില്‍ അദ്ദേഹം എത്തിയത്.
പാര്‍ട്ടി നല്‍കിയ പദവി അംഗീകാരമായി കാണുന്നതായും, ഇനി രാഷ്ട്രീയപ്രസ്താവനകള്‍ ഒന്നുമുണ്ടാകില്ലെന്നും ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പുതിയ പദവി ഏറ്റെടുക്കും മുന്‍പ് ജന്മനാടിന്റെ സ്‌നേഹം ഏറ്റുവാങ്ങാന്‍ വേണ്ടി കൂടിയാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മ ഭവാനിയമ്മയുടെ പക്കലെത്തി അനുഗ്രഹം വാങ്ങുകയും ചെയ്തു. സംസ്ഥാനത്തിന് പുറത്തേക്ക് പോകണമെന്ന സൂചന നേരത്തെ കിട്ടിയിരുന്നതിനാല്‍ പുതിയ പദവി ഏറ്റെടുക്കാന്‍ മാനസികമായി തയ്യാറായിരുന്നതായി ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ബിജെപി അംഗത്വം ഉള്‍പ്പെടെ രാജിവച്ചതിനാല്‍ ഇനി രാഷ്ട്രീയം പറയില്ല. നവംബര്‍ അഞ്ചിനോ, ആറിനോ സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അഭിനന്ദനം അറിയിക്കാനെത്തിയ പാര്‍ട്ടിപ്രവര്‍ത്തകരെയും, സ്‌നേഹിതരെയും മിസോറാമിലേക്ക് ക്ഷണിച്ച ശേഷം പിള്ള മടങ്ങുകയും ചെയ്തു.