കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റയാള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം. അഞ്ചരക്കണ്ടി എക്കാലിലെ ലക്ഷ്മണന് നീണ്ട 35 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നഷ്ടപരിഹാരത്തുക ലഭിക്കുന്നത്.
സര്‍ക്കാര്‍ അനുവദിച്ച തുകയുടെ ചെക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടിവി സീത ലക്ഷ്മണനു കൈമാറി. 1983 ഒക്ടോബര്‍ 14നാണ് എക്കാല്‍ വരദ വീട്ടില്‍ ലക്ഷ്മണന് ഓടത്തില്പീടികയില് വച്ച് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. ബീഡിത്തൊഴിലാളിയായിരുന്ന അദ്ദേഹത്തിന് അന്ന് വയസ്സ് 31. കടിയേറ്റ ഉടന്‍ ഇരിവേരി സിഎച്ച്സിയില് നിന്ന് പ്രതിരോധകുത്തിവയ്പ്പ് നടത്തി.
അവശനിലയിലായ ലക്ഷ്മണന് ജില്ലാ ആശുപത്രിയിലും കോഴിക്കോട്, മണിപ്പാല്‍, കസ്തൂര്‍ബ, തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രികളിലും ചികില്‍സ തേടിയിരുന്നു. നീതിക്കും സഹായത്തിനുമായി തലശ്ശേരി കോടതി, ഹൈക്കോടതി, സുപ്രീംകോടതി, മനുഷ്യാവകാശ കമ്മിഷന് മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കു മുന്നില്‍ വരെ ലക്ഷ്മണന് കയറിയിറങ്ങി.
ഇതിന്റെ ഭാഗമായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന് കമ്മിറ്റി കണ്ണൂരില്‍ തെളിവെടുപ്പു നടത്തുകയും 15 ലക്ഷം രൂപ ലക്ഷ്മണനു നഷ്ടപരിഹാരം നല്കാന് ശുപാര്‍ശയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിനു സൗജന്യ ചികിത്സയും മരുന്നും നല്കാന് ഹൈക്കോടതി വിധിയുണ്ടെന്നും വികലാംഗ പെന്ഷന് വാങ്ങുന്നുണ്ടെന്നുമുള്ള കാരണത്താല്‍ സിരിജഗന് കമ്മിറ്റി ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞു. ഇതിനെതിരെ വീണ്ടും ലക്ഷ്മണന് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
തെരുവുനായ് ശല്യത്തിനു കാരണം സര്‍ക്കാരിന്റെ അനാസ്ഥയായതിനാല്‍ പട്ടികടി കാരണമുണ്ടാകുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന ഹൈക്കോടതി വിധിയും ലക്ഷ്മണനു തുണയായി. അതേസമയം സിരിജഗന് കമ്മിറ്റി നിര്‍ദേശിച്ച തുക പലിശ സഹിതം ലഭിക്കണമെന്നും ഇതിനകം ലക്ഷക്കണക്കിനു രൂപ കേസ് ആവശ്യങ്ങള്‍ക്കു ചെലവഴിച്ചിട്ടുണ്ടെന്നും ലക്ഷ്മണന് പറയുന്നു.
Discussion about this post