തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ്- മാലിദ്വീപ്-കോമോറിന്‍ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ (ചില സമയങ്ങളില്‍ 60) വരെയായിരിക്കും. നിലവില്‍ മാലദ്വീപില്‍ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 390 കിലോമീറ്റര്‍ ദൂരെയുമാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം.
ഇതോടെ കേരളത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരാനാണ് സാധ്യത.
തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
Discussion about this post