കോട്ടയം: പാലായിൽ കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കുറ്റക്കാരായ സംഘാടകർക്കെതിരെ പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ഇവരെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലീസ് തീരുമാനം. അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് നീക്കം. കോടതിയുടെ നിർദേശാനുസരണം തുടർ നടപടി സ്വീകരിച്ചാൽ മതിയെന്നും ജില്ലാ പോലീസ് മേധാവി പിഎസ് സാബു അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നേരത്തെ അഫീലിന് നീതി ലഭിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിൽകണ്ട് ആവശ്യപ്പെട്ടിരുന്നു.
അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ മീറ്റിനിടെയാണ് ഹാമർ തലയിൽ വീണ് വൊളന്റിയറായ അഫീൽ ജോൺസൺ മരിച്ചത്. ഒരേസമയം ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ സംഘടിപ്പിച്ചതും ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനു കാരണക്കാർ നാല് പേരാണെന്ന് പോലീസ് ഒടുവിൽ കണ്ടെത്തി.
ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ത്രോ ഇനങ്ങളുടെ വിധികർത്താവായ ടിഡി മാർട്ടിൻ, സിഗ്‌നൽ നൽകാൻ ചുമതലയിലുണ്ടായിരുന്ന ഒഫീഷ്യൽമാരായ കെവി ജോസഫ്, പി നാരായണൻകുട്ടി എന്നിവരാണ് കുറ്റക്കാർ. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കുറ്റക്കാരെ കണ്ടെത്തിയെങ്കിലും അറസ്റ്റ് ഉടൻ വേണ്ടെന്നാണ് തീരുമാനം. നിസാര വകുപ്പ് ചുമത്തിയതിനാൽ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികളെ ജാമ്യത്തിൽ വിടേണ്ടിവരും. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കാനായി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
Discussion about this post