തൃശ്ശൂര്‍: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യൂ. ചുവരെഴുതുക, പോസ്റ്റര്‍ ഒട്ടിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ഏഴോളം മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന്, കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്ന് പരിഹാസ രൂപേണ ജോയ്മാത്യൂ വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.
മാവോയിസ്റ്റ് വേട്ടക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണില്‍ നിന്ന് ഉയരുന്നത്. തണ്ടര്‍ബോള്‍ട്ട് നടപടിയെ വിമര്‍ശിച്ച് ബിനോയ് വിശ്വം എംപി നേരത്തെ രംഗത്ത് വന്നിരുന്നു. തണ്ടര്‍ ബോള്‍ട്ടിന് മുട്ടിന് താഴെ വെടിവെയ്ക്കാന്‍ അറിയില്ലേ എന്ന് ബിനോയ് വിശ്വം ചോദിച്ചിരുന്നു.
സിപിഐയും സിപിഎമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ല. ഇതൊന്നും മനസിലാകാത്ത കുറേപ്പേര്‍ കേരള പോലീസിലുണ്ട്. അവര്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയത്തിന് കളങ്കം ചാര്‍ത്തുന്നു. ഇടതു പക്ഷ സര്‍ക്കാരിന്റെ നയം ഉള്‍ക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിര്‍ത്താന്‍ സ: പിണറായി വിജയന്‍ നയിക്കുന്ന ഗവണ്മെന്റിനു കെല്‍പ്പുണ്ടെന്നും ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ജോസ്മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ചുവരെഴുതുക, പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്‌റ്ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍.
Discussion about this post