മഞ്ചേശ്വരം: കോഴിയങ്കം പിടിക്കാന്‍ എത്തിയ പോലീസുകാരന് കോഴിയുടെ ആക്രമണത്തില്‍ പരിക്ക്. കണ്ണൂര്‍ കെഎപി ബറ്റാലിയനിലെ പോലീസുകാരനായ കെപി സനന്‍ നാരായണന് ആണ് പരിക്കേറ്റത്. ഞരമ്പ് മുറിഞ്ഞ് സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വോര്‍ക്കാടി മജീര്‍പള്ളം ധര്‍മനഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിയങ്കം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്, പിടിക്കാന്‍ വന്നതായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. എസ്‌ഐ എന്‍പി രാഘവന്റെ നേതൃത്വത്തില്‍ ആറ് പോലീസുകാര്‍ സംഭവ സ്ഥലത്തെത്തിയത്.
പോലീസിനെ കണ്ടയുടന്‍ മത്സരം നടത്തിയവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏഴ് പേരെ പോലീസ് പിടികൂടി. എന്നാല്‍ കളത്തിലെ കോഴിയെ സനന്‍ പിടിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു കോഴിയുടെ ആക്രമണം. കോഴിയുടെ കാലില്‍ ഘടിപ്പിച്ചിരുന്ന വാള്‍ തട്ടി മുറിവേല്‍ക്കുകയായിരുന്നു. കൈപ്പത്തി മുതല്‍ കൈമുട്ടുവരെയുള്ള ഭാഗത്ത് സനന്‍ പരിക്കേറ്റു. മൂര്‍ച്ച കൂടിയ ബ്ലേഡുകളാണ് മത്സരത്തിനായി ഇവര്‍ കോഴികളുടെ കാലില്‍ കെട്ടിവയ്ക്കുന്നത്.
Discussion about this post