പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു. ഭരണകൂടത്തെ എതിര്‍ക്കുന്നവരെ കൊന്ന് തീര്‍ക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്നും, മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ജനകീയ അന്വേഷണം നേരിടണമെന്നും ഗ്രോ വാസു ആവശ്യപ്പെട്ടു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അനുവദിക്കണമെന്നും ഗ്രോ വാസു ആവശ്യപ്പെട്ടു. ഇന്നലെയാണ് മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിവെയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും രണ്ടാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കര്‍ണാകട സ്വദേശി സുരേഷ്, തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മണിവാസകം ഇന്ന് കൊല്ലപ്പെട്ടുവെന്നാണ് വിവരം.
പെട്രോളിംഗിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിവെച്ചെന്നാണ് ലഭിച്ച ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നും രണ്ടാള്‍ക്ക് പരിക്ക് പറ്റിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. പരിക്ക് പറ്റിയ മണിവാസകം മരിച്ചതോടെ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. കബനി ദളത്തിലെ പ്രധാന നേതാവാണ് മണിവാസകം. അതേസമയം ഉള്‍ക്കാട്ടില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്.
Discussion about this post